ഹരിത കര്‍മ്മ സേന
കേരളത്തിന്റെ ശുചിത്വവും പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന ഒരു കൂട്ടായ്മയാണ് ഹരിത കർമ്മ സേന. മാലിന്യ സംസ്കരണ രംഗത്ത് ജനങ്ങളെ ബോധവൽക്കരിക്കുകയും വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ മാലിന്യങ്ങൾ ശേഖരിക്കുകയും ചെയ്യുന്നത് ഇവരുടെ പ്രധാന പ്രവർത്തനങ്ങളാണ്. പുലിയൂർ പഞ്ചായത്തിലുമുള്ള ഹരിത കർമ്മ സേന അംഗങ്ങൾ സമൂഹത്തിന്റെ ആരോഗ്യകരമായ ജീവിതത്തിനായി ആത്മാർത്ഥമായി പ്രവർത്തിച്ചുവരുന്നു.
ഹരിത കർമ്മ സേന വീടുകളിലും കടകളിലും സ്ഥാപനങ്ങളിലുമായി സ്ഥിരമായി സന്ദർശനം നടത്തി മാലിന്യങ്ങൾ വേർതിരിച്ച് നൽകേണ്ടതിന്റെ ആവശ്യകത ജനങ്ങളോട് വ്യക്തമാക്കുന്നു. പ്ലാസ്റ്റിക്, കുപ്പി, പേപ്പർ തുടങ്ങിയ അജൈവ മാലിന്യങ്ങൾ ശേഖരിച്ച് എം.സി.എഫ് (Material Collection Facility) കേന്ദ്രങ്ങളിലേക്ക് എത്തിക്കുകയും തുടർന്ന് പുനരുപയോഗത്തിനും റീസൈക്കിളിംഗിനുമായി കൈമാറുകയും ചെയ്യുന്നു. ഇതിലൂടെ പരിസ്ഥിതി മലിനീകരണം കുറയ്ക്കാനും ശുചിത്വം നിലനിർത്താനും സാധിക്കുന്നു.
ഹരിത കർമ്മ സേന അംഗങ്ങൾ പല ബുദ്ധിമുട്ടുകളും നേരിട്ടുകൊണ്ടാണ് ജോലി ചെയ്യുന്നത്. മഴയും ചൂടും അവഗണിച്ച് വീടുതോറും കയറി മാലിന്യ ശേഖരണം നടത്തുന്നത് വളരെ പ്രയാസകരമായ ജോലിയാണ്. എങ്കിലും സമൂഹത്തിന്റെ നന്മയ്ക്കായി അവർ ആത്മാർത്ഥതയോടെ സേവനം അനുഷ്ഠിക്കുന്നു. അതിനാൽ സമൂഹം ഇവരെ ആദരിക്കുകയും ആവശ്യമായ പിന്തുണ നൽകുകയും ചെയ്യേണ്ടതാണ്.
ഇന്നത്തെ കാലഘട്ടത്തിൽ ശുചിത്വവും പരിസ്ഥിതി സംരക്ഷണവും അത്യന്താപേക്ഷിതമാണ്. ഈ ലക്ഷ്യം കൈവരിക്കുന്നതിൽ ഹരിത കർമ്മ സേനയുടെ പങ്ക് വളരെ വലുതാണ്. പുലിയൂരിലെ ഹരിത കർമ്മ സേനയുടെ പ്രവർത്തനങ്ങൾ മറ്റു പ്രദേശങ്ങൾക്കും മാതൃകയാകുന്നവയാണ്. ശുചിത്വമുള്ള ഒരു നാടിനും ആരോഗ്യകരമായ ഭാവിക്കും ഹരിത കർമ്മ സേനയുടെ സേവനം അനിവാര്യമാണ്.