ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
പ്രാചീനകാലത്ത് ചില പ്രദേശങ്ങൾ പൂർണ്ണമായും ചില ക്ഷേത്രങ്ങളുടെ അധീനതയിലായിരുന്നു. നാട്ടുകൂട്ടങ്ങളുടെ കീഴിലായിരുന്നു അവയുടെ ഭരണം. പ്രാചീന കാലഘട്ടത്തിൽ കേരളത്തിൽ ഇത്തരം നാട്ടുകൂട്ടങ്ങൾ നിലനിന്നിരുന്നു. ഇത്തരം ദേശാധിപത്യമുള്ള ക്ഷേത്രത്തിന്റെ കീഴിലുള്ള പ്രദേശങ്ങളെ മുക്കാൽ വട്ടം എന്നാണ് അറിയപ്പെടുന്നത്. പുലിയൂർ പ്രദേശവും പ്രാചീനകാലം മുതൽ നാട്ടുകൂട്ടം (സ്വതന്ത്ര റിപ്പബ്ലിക് )എന്ന രീതിയിൽ ഭരണ പാരമ്പര്യമുള്ള ഒരു പ്രദേശമായിരുന്നു.
വളരെ പ്രാചീനകാലം മുതൽ തന്നെ ഈ പ്രദേശത്ത് മനുഷ്യവാസം ഉണ്ടായിരുന്നിരിക്കണം. ഇതിന് വേണ്ടത്ര തെളിവുകളുണ്ട്. പുലിയൂർ ഗണപതിയാം മലയ്ക്ക് സമീപമുള്ള മലയിലെ മണ്ണെടുത്തപ്പോൾ ലഭിച്ച തെളിവുകൾ ഈ വസ്തുതയിലേക്ക് വിരൽ ചൂണ്ടുന്നു. വളരെ പ്രബലമായ ഒരു ബ്രാഹ്മണ സമൂഹം പുലിയൂർ ഉണ്ടായിരുന്നു. ഏതാണ്ട് ക്രിസ്തുവർഷം ആറാം നൂറ്റാണ്ടിന് മുമ്പ് തന്നെ തൃപ്പുലിയൂർ ക്ഷേത്രം സ്ഥാപിതമായി എന്നുള്ളതിന് തെളിവുകളുണ്ട്. ഭാരതത്തിലെ ഏറ്റവും പ്രധാനപ്പെട്ട 18 വൈഷ്ണവ ക്ഷേത്രങ്ങളിൽ ഒന്നാണ് തൃപ്പുലിയൂർ ക്ഷേത്രം. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള വൈഷ്ണവ തീർത്ഥാടകരുടെ ഒരു പുണ്യ സങ്കേതമാണ് ഇന്നും പുലിയൂർ. കാവുകളുടെ കാര്യത്തിലും പുലിയൂർ പഞ്ചായത്ത് സമൃദ്ധമാണ് വളരെ പ്രാചീനമെന്ന് വിശ്വസിച്ചു പോരുന്ന വള്ളിക്കാവ് പുലിയൂർ ദേശത്തിന്റെ നാലതിർത്തികളിലുള്ള കാവുകളും ഈ പ്രദേശത്തിന്റെ പഴമയിലേക്കാണ് വിരൽ ചൂണ്ടുന്നത്.
കേരളത്തിൽ പണ്ടുകാലത്ത് ദേശാധിപത്യം കൈയ്യാളിയിരുന്ന ക്ഷേത്രങ്ങളുടെ കീഴിലുള്ള പ്രദേശത്തെ മുക്കാൽ വട്ടം എന്നാണ് വിളിച്ചിരുന്നത്. പുലിയൂർ ഇത്തരത്തിലുള്ള ഒരു മുക്കാൽ വട്ടം ആയിരുന്നു. പഴയ യുദ്ധരംഗങ്ങളെ ഓർമിപ്പിക്കുന്ന വേലകളി പുലിയൂരിന്റെ സംഭാവനയാണ് . മധ്യതിരുവിതാംകൂറിൽ പുലിയൂരിൽ മാത്രമാണ് ഇന്ന് വേലകളി ഉള്ളത്. അതേപോലെതന്നെ പുലിയൂരിന്റെ ഒരു പ്രാദേശിക ഉത്സവമാണ് പുലിയൂർ ക്ഷേത്രത്തിലെ കാവടിയാട്ടം. പുലിയൂർ പ്രദേശത്തിന്റെ സാംസ്കാരിക പ്രവർത്തനങ്ങൾക്ക് വേദിയായി വർത്തിച്ചിരുന്ന ക്ഷേത്രമാണ് പുലിയൂർ ക്ഷേത്രം. പുരാതനകാലത്ത് വ്യാഘ്രപാദൻ എന്ന് പേരുള്ള മഹർഷി തപസ് ചെയ്തിരുന്ന സ്ഥലം ആയതിനാലാണ് പുലിയൂർ എന്ന പേരുണ്ടായത് എന്നാണ് ഐതിഹ്യം. പുലിയൂർ പുലിയെ കണ്ട ഊര് അഥവാ നാട് എന്ന പദത്തിൽ നിന്നാണ് പുലിയൂർ എന്ന നാമം ഉണ്ടായതെന്നും പുളിയുള്ള ഊര് എന്നർത്ഥത്തിൽ പുളിയൂര് എന്ന പേരുണ്ടായത് പിന്നീട് പുലിയൂരായി മാറിയതാണെന്നും ഭാഷാ പണ്ഡിതർക്കിടയിൽ വ്യത്യസ്ത അഭിപ്രായങ്ങൾ നിലനിൽക്കുന്നു. പുരാണകാലം മുതൽ തന്നെ മതേതരത്വത്തിന്റെ മകുടോ ദാഹരണമാണ് ഈ ഗ്രാമം. മറ്റുദേശങ്ങളിൽ അഹിന്ദുക്കൾക്ക് പ്രവേശനം നിഷിദ്ധമായിരുന്ന കാലത്ത് തന്നെ ഒരു അഹിന്ദു (ക്രൈസ്തവനായ ആറ്റിപറമ്പിൽ തോമസ് ഇടിക്കുള) പുലിയൂർ ക്ഷേത്രത്തിൽ ഭരണാധികാരിയായി പ്രവർത്തിച്ചിട്ടുണ്ട്.
പുലിയൂരിന്റെ മധ്യഭാഗത്തായി ഒരിക്കലും പറ്റാത്ത ഒരു ജലാശയം സ്ഥിതി ചെയ്യുന്നു. താമരപ്പൂക്കൾ നിറഞ്ഞ പതിനൊന്നേക്കറോളം വിസ്തൃതമായ താമരച്ചാൽ എന്ന പേരില റിയപ്പെടുന്ന ഈ ജലാശയം പുലിയൂരിന്റെ പ്രശസ്തി വർദ്ധിപ്പിക്കുന്നു. ക്ഷേത്രപ്രവേശന വിളംബരത്തിനു വളരെ മുൻപുതന്നെ പൊതു ആരാധനാ സ്വാതന്ത്ര്യം ഉണ്ടായിരുന്ന പേരിശ്ശേരി പഴയാർകരയിലെ പഴയാറ്റിൽ ദേവീക്ഷേത്രം നിലനിന്നു പോന്നു. അതുപോലെ ഭൂപരിഷ്കരണം നടപ്പിലാക്കുന്നതിന് മുമ്പ് തന്നെ പുലിയൂർ പ്രദേശത്തെ ഭൂമി വിവിധ വിഭാഗം ജനങ്ങൾക്ക് പതിച്ചു നൽകിയിരുന്നു എന്നതിന് തെളിവുണ്ട്. ജ്യോതിഷ രംഗത്ത് പ്രശസ്തമായ ഒരു കുടുംബമായിരുന്നു പുലിയൂരിലെ വാഴമാവേലി മഠം. മഹാകവി ഉള്ളൂരിന്റെ സാഹിത്യ ചരിത്രത്തിലും കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിലും ഈ മഠത്തെക്കുറിച്ച് പരാമർശിച്ചിട്ടുണ്ട്. തിരുവിതാംകൂർ മഹാരാജാവിന്റെ 42 പ്രവൃത്തി പള്ളിക്കൂടങ്ങളിൽ ഒന്ന് സ്ഥാപിക്കപ്പെട്ടത് പുലിയൂരിലെ പേരിശ്ശേരിയിലാണ്. പുലിയൂർ ഗ്രാമത്തിലെ ആദ്യ പള്ളിക്കൂടമായ ഇത് ഇന്ന് പേരിശ്ശേരി ഗവൺമെന്റ് യു.പി.എസ്. ആയി പ്രവർത്തിച്ചു പോരുന്നു.
പേരൂർകുളങ്ങര ക്ഷേത്രം ,തൃക്കയിൽ ക്ഷേത്രം എന്നിവ പേരി ശ്ശേരിയിലെ പുരാതന ക്ഷേത്രങ്ങളായി നിലനിൽക്കുന്നു. പേരിശ്ശേരി സെന്റ്മേരീസ് പള്ളി, പുലിയൂർ ബേത് ലഹേം, മലങ്കര കത്തോലിക്കാ പള്ളി , പേരിശ്ശേരി ഈസ്റ്റ് മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളി എന്നിങ്ങനെ പുരാതനമായ ക്രിസ്ത്യൻ ദേവാലയങ്ങളും പുലിയൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു. മഹാഭാരതവുമായി ബന്ധപ്പെട്ട് പാണ്ഡവരുടെ വനവാസകാലത്ത് അവരെ തിരക്കി കൌരവർ വന്നതും വിശ്രമിച്ചതുമായ സ്ഥലമെന്ന് പ്രാദേശികമായി വിശ്വസിക്കപ്പെടുന്ന നൂറ്റവൻപാറയും പുലിയൂരിന്റെ സാംസ്ക്കാരിക പൈതൃകം വിളിച്ചോതുന്നു.